10:50am 11 November 2026
NEWS
നെൽകൃഷിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്ര സംഘം കേരളത്തിൽ
23/09/2025  07:15 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നെൽകൃഷിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്ര സംഘം കേരളത്തിൽ

കൊച്ചി: കേന്ദ്ര കാർഷിക മന്ത്രാലയത്തിലെ വിദഗ്ധ സംഘം കേരളത്തിലെ നെൽകർഷകരുമായി ചർച്ച നടത്തി. 

കേന്ദ്ര കാർഷിക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എസ് രുക്മണിയുടെനേതൃത്വത്തിലുള്ള സംഘമാണ് കുട്ടനാട്, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ നെൽകർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ കേരളത്തിലെത്തിയത്.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന യോഗത്തിൽ സംസ്ഥാനത്ത് നെൽകൃഷി മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിഷയങ്ങൾ ചർച്ചയായി. ഉയർന്ന വിളവ് നൽകുന്ന നെല്ലിനങ്ങളുടെ വികസനം,  യന്ത്രവൽക്കരണം, കുട്ടനാട് നെല്ലിന്റെ ജിഐ ടാഗിംഗ്, കൃഷിയിൽ ഡ്രോണുകളുടെ വ്യാപകമായ ഉപയോഗം, ഇക്കോ-ടൂറിസം തുടങ്ങിയവ ആവശ്യമാണെന്ന് നിർദേശമുയർന്നു. 
  
കേന്ദ്ര സംഘം 26 വരെ കുട്ടനാട്, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. ഹൈദരാബാദ് ആസ്ഥാനമായുള്ള ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൈസ് റിസർച്ചിലെ (ഐഐആർആർ) ശാസ്ത്രജ്ഞരും സംഘത്തിലുണ്ട്.

പ്രശ്‌നങ്ങൾ മനസ്സിലാക്കി അടുത്ത മാസം റിപ്പോർട്ട് സമർപ്പിക്കാനാകുമെന്നാണ് കരുതുന്നതെന്ന് കേന്ദ്ര കാർഷിക ജോയിന്റ് സെക്രട്ടറി പറഞ്ഞു. 

കേന്ദ്ര കാർഷിക കൃഷി ഡെപ്യൂട്ടി കമ്മീഷണർ എ എൻ. മേശ്രാം,  കാർഷിക എഞ്ചിനീയർ ശശികാന്ത് പവാർ, ഐഐആർആർ സീനിയർ സയന്റിസ്റ്റ് ഡോ ദിവ്യ ബാലകൃഷ്ണൻ, സയന്റിസ്റ്റുമാരായ ഡോ വി മാനസൻ, ഡോ എസ് വിജയകുമാർ, ഡോ ആർ ഗോപിനാഥ് എന്നിവരും സംഘത്തിലുണ്ട്. 

മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ഡോ. കെ. ജി. പത്മകുമാർ, സി. കൃഷ്ണകുമാർ, ഷാജി രാഘവൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img